Monday, July 16, 2007

ഭാവഗീതങ്ങള്‍




1
നിന്‍ പ്രാണവീണതന്‍ തന്ത്രിയിലറിയാതെ
എന്‍ വിരല്‍ത്തുമ്പൊന്നു തൊട്ടുപോയി.
ദിവ്യാനുരാഗത്തിന്‍ വൈഖരിയായ്‌ - അത്‌
നിദ്രാവിഹീനനാക്കി-എന്നെ
നിന്‍ പ്രേമഗീതമാക്കി.

കാണാന്‍ കഴിയാതിരുന്നൊരു സ്വപ്നത്തിന്‍
കതിരുമായെത്രനാള്‍ കാത്തിരുന്നു? - എന്റെ
കമനീയതേ, നീയും തപസ്സിരുന്നു?
കയ്യെത്തും ദൂരത്തു ഞാനിരിയ്ക്കുമ്പൊഴും
കരളിന്‍ കവാടം നീ ചാരി നിന്നു - പിന്നെ
കവിതയായെന്നുള്ളില്‍ നിറഞ്ഞു നിന്നു.

പോകാന്‍ വഴിയറിയാത്തൊരു സ്വര്‍ഗ്ഗത്തിന്‍
വാതില്‍പ്പുറങ്ങളില്‍ നീയലഞ്ഞു - സ്നേഹ
ദൂതുമായെന്തിനോ കൊതിച്ചുനിന്നു.
മാനത്തു പൂവിട്ട മാധവരജനിയില്‍
മനസ്സില്‍ മരന്ദം നിറച്ചുനിന്നു - ജന്മ
സുകൃതമായെന്നില്‍ നീ അലിഞ്ഞുചേര്‍ന്നു।


നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങള്‍ അറിയിയ്ക്കുക.




2
കണ്മണീ, നിന്‍ കൈകളില്‍
ഇന്നലെ ഞാന്‍ ചാര്‍ത്തിയ
കരിവളയെന്തേ മൊഴിഞ്ഞു?
കരളിലെ ഗന്ധര്‍വ്വപൂജയ്ക്കൊരുങ്ങിയ
ഋതുമതിപ്പൂവെന്തേ മൊഴിഞ്ഞു?

അമ്പലനടയിലെ കല്‍ച്ചിരാതില്‍
അന്നൊരു തിരി നീയും നീട്ടിയപ്പോള്‍,
അഞ്ചിന്ദ്രിയങ്ങളില്‍ അനുരാഗബിന്ദുക്കള്‍
അഞ്ജലി കൂപ്പിയതോര്‍മ്മയില്ലേ?

മന്മഥക്ഷേത്രത്തില്‍ മണ്‍ വിളക്കില്‍
ഇന്നൊരു തിരിനാളം മിഴിനീട്ടുമ്പോള്‍,
നിന്മൗനവേദിയില്‍ ശൃംഗാരഭാവങ്ങള്‍
നിര്‍വൃതിപ്പൂമാല ചാര്‍ത്തിടുന്നോ?

ഏപ്രില്‍ 1982


നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങള്‍ അറിയിയ്ക്കുക.




3
മഞ്ഞക്കണിക്കൊന്നപ്പൂവും കൊണ്ടേ,
മണ്‍കുടത്തില്‍ കുളിരും കൊണ്ടേ,
വന്നുവല്ലൊ മേടമാസപ്പുലരിപ്പെണ്ണ്‌.
കര്‍ണ്ണികാരപ്പൂക്കള്‍ കൊണ്ടൊരു പന്തലൊരുക്കി - അവള്‍
കന്നിമണ്ണിന്‍ കരള്‍നിറയെ കുളിരു പകര്‍ത്തി.

വിശ്വമേ, നിന്‍ സര്‍ഗ്ഗസംഗീതമധുവുമായ്‌,
വിഷുപ്പക്ഷി പാടാനെത്തി 'വിത്തും കൈക്കോട്ടും'.
ഇത്തിരി മധുരത്തിന്‍ ഇന്ദ്രജാലങ്ങളാല്‍
മറ്റൊരു വേദിക തീര്‍ക്കുന്നു ഭാവന....
മന്ദ്രമുഖരിതമാക്കുന്നു സാധന!

നിത്യതേ, എന്‍ ജന്മസങ്കേതവാതിലില്‍
ചൈത്രമാസതിലെ സംക്രമസന്ധ്യയില്‍
പിച്ചളപ്പാല്‍ക്കുടമൊക്കത്തു വച്ചൊരാ-
പത്തരമാറ്റുള്ള കനവിന്റെ കാമന...
കനകച്ചിലങ്കകള്‍ ചാര്‍ത്തുന്നു കഴലിലണ!


നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങള്‍ അറിയിയ്ക്കുക.

No comments: