Monday, July 16, 2007

ആഴക്കടലിലെ മുത്ത്‌



എത്ര നിസ്സംഗനായ്‌ തന്‍ കര്‍മ്മഭൂമിയില്‍
നില്‍ക്കുന്നു; വിശ്വം വിരല്‍ത്തുമ്പില്‍ നിര്‍ത്തുന്ന-
മര്‍ത്ത്യന്‍ മനസ്താപമൊട്ടുമില്ലാതെയും,
മത്സരക്കാഴ്ചകള്‍ കാണ്‍കെ, നിരന്തരം!

വയ്യ! വൈദേശത്തിന്‍ വാലാട്ടിപ്പട്ടിയായ്‌
വാഴ്‌വിന്‍ നിറവുകള്‍ക്കാകാരമേകുവാന്‍!
ആഗോളശക്തിതന്നാത്മവീര്യങ്ങളില്‍
ആധിയായ്‌, വ്യാധിയായ്‌ ആടിത്തിമിര്‍ക്ക നീ.

കുറ്റബോധങ്ങളില്ലാത്ത മനസ്സിന്റെ
ചക്രവാളങ്ങളില്‍ സന്ധ്യകള്‍ കോര്‍ക്കുന്ന-
രക്തഹാരങ്ങള്‍ കൊലക്കയറാകവേ,
തത്ചരിതങ്ങളില്‍ തന്ത്രങ്ങളേറിടാം!


ലോകം തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യത്തെ
നോവിച്ചിടുന്ന സാമ്രാജ്യത്വശക്തികള്‍
നേരും നെറിവുമില്ലാത്ത പാരമ്പര്യ-
നീതിപ്പുരകളില്‍ തീയ്യാട്ടമാടുന്നു!

അധിനിവേശത്തിന്‍ ജടിലമോഹങ്ങള്‍-
ക്കകമ്പുറം കാണിച്ച വീരയോദ്ധാവിനെ,
പേടിയാണെന്നു പറയാന്‍ മടിയ്ക്കിലും
പ്രാണന്‍ പതറുന്നതറിയുന്നു ഭൂമിയും.

ധീരയോദ്ധാവിനെ ധീരമായ്‌ നേരിടാന്‍
നേര്‍വഴിയില്ലാതലയുന്ന ഹീനതേ,
കാലപ്പഴക്കമിങ്ങേറെയില്ലാതെ നിന്‍
കോട്ടകളൊക്കെയും കാറ്റില്‍ തകര്‍ന്നിടും.

തേര്‍വാഴ്ചയെന്തിനീ ഭൂവിന്നപരമാം
സ്നേഹപ്പൊരുളുകളജ്ഞാതമാകുകില്‍?
നേര്‍ക്കാഴ്ചയില്‍ നന്ദികേടായിരുന്നതും
നിന്‍ പകപോക്കലിന്‍ നീചഭാവങ്ങളായ്‌!

ആശിച്ച്തെല്ലാമടക്കിപ്പിടിയ്ക്കുവാന്‍
ആരു നീ? പൈശാചികത്വമേ! ദുഷ്ടതേ!
ആദ്യമായ്‌ നിന്‍ വ്യവഹാരം പരാജയ-
മായതിന്‍ ദ്വേഷം ശമിയ്ക്കാതെ വന്നുവോ?

എത്ര വന്‍ശക്തികളൊന്നിച്ചു പോരിന്റെ
വ്യക്തഭാവങ്ങളെ വന്യമാക്കീടുവാന്‍!
ഒറ്റപ്പെടുത്തലാലൊറ്റയ്ക്കു പോരാടി
വിശ്വപ്രതിഭാസമായതാണപ്പുമാന്‍!

നിണമാര്‍ന്ന ഭൂതലമേറെച്ചമച്ചിടും
പ്രതികാര സമരഗാനങ്ങള്‍ നിതാന്തമായ്‌.
അകതാരിലവയേറ്റുമാത്മബോധങ്ങളില്‍
അണയാത്ത സമരാഗ്നിയാളിപ്പടര്‍ന്നിടും!

എല്ലാമൊരുക്കുടക്കീഴിലാക്കീടുവാന്‍
എന്നും ത്വരയോടെ മാറ്റും കരുക്കളെ-
യെങ്ങാണു നീക്കുക? വീര്‍പ്പുമുട്ടിയ്ക്കുമാ-
ചോദ്യത്തിനുത്തരമാകുന്നു; നിന്‍ വിധി!

അധമസംസ്ക്കാരമേ, ക്ഷണികമാകുന്നു നീ-
യവനിയില്‍ തീര്‍ക്കും പ്രകടസാമ്രാജ്യങ്ങള്‍!
വറ്റാത്ത ചോരപ്പുഴയ്ക്കുമേലെന്തിനു
വിശ്വാസദര്‍ശനപ്പൂക്കള്‍ പൊഴിയ്ക്കുന്നു?

പിഴവുകളില്ലാതെ പിഴ ചുമത്തുന്ന, നി-
ന്നപചയം കണ്ടു നടുങ്ങുന്നു പാരിടം.
പരിചയമേറെയുണ്ടെങ്കിലും മറ്റൊരു
പടയൊരുക്കീടുന്നു അന്തര്‍ഗ്ഗതങ്ങളും!


അഗ്നിച്ചിറകുകള്‍ക്കുള്ളില്‍ ജ്വലിയ്ക്കുന്ന
വ്യക്തിപ്രഭാവമാ, ണാരാജ്യസ്നേഹിയും!
ആകില്ല നിങ്ങള്‍ക്കകം പൊരുള്‍ മാറ്റുവാന്‍
ആഴക്കടലിലെ മുത്തുവാരീടുവാന്‍!


*സദ്ദാം ഹുസ്സൈനെതിരെയുള്ള അമേരിയ്ക്കന്‍ പാവക്കോടതിയുടെ വിധിപ്രസ്താവത്തെ അപലപിച്ചുകൊണ്ട്‌ എഴുതിയ കവിത.(6 നവംബര്‍, 2006).


നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങള്‍ അറിയിയ്ക്കുക।

No comments: