നാളെതന്‍ സൗവര്‍ണ്ണചിന്തകളൊക്കെയും
ആഴിപ്പരപ്പിലിന്നമ്മാനമാടവേ;
ഞാനിന്നു കാലത്തിന്‍ വാള്‍മുനത്തുമ്പിലെ-
യര്‍ദ്ധസത്യം പോല്‍ പിടയുന്നനാഥമായ്.
കാണ്മതും കേള്‍പ്പതും ക്രൗര്യബോധത്തിന്റെ
കന്മഷം പേറുന്ന ബീഭത്സ പര്‍വ്വമായ്.
ജീവിതം വെച്ചുകെട്ടാകുന്നു, ഭൂമിയില്‍
ജീവനം ഭീതിദമാകുന്നനുദിനം.
അക്ഷരത്തെറ്റിനാല്‍ ചിത്രം വരയ്ക്കുന്ന
മര്‍ത്ത്യസംസ്ക്കാരത്തിന്‍ പൂര്‍വ്വസര്‍ഗ്ഗങ്ങളില്‍
സ്വത്വം തിരയുന്ന ക്ഷിപ്രജന്മങ്ങളേ,
നിങ്ങള്‍ നിരന്തരം വായ്ക്കുന്നു; ദാരുണം!
സ്വന്തബന്ധങ്ങളില്ലാത്ത ജഗത്തിന്റെ
സന്തതിയാഗമിയ്ക്കുന്നപഭംഗമായ്
ചന്ദ്രഹാസങ്ങളിളക്കി പ്രപഞ്ചത്തിന്‍
സര്‍ഗ്ഗവാതില്‍ക്കലിന്നട്ടഹസിയ്ക്കുന്നു.
അങ്ങുമിങ്ങും വൃഥാ പഴിപറഞ്ഞിന്നു നാം
അന്തിവാതില്‍ക്കലെ ദീപം കെടുത്തുന്നു.
വന്മതില്‍ക്കോട്ടകള്‍ തീര്‍ക്കുന്ന മൗനങ്ങള്‍
മണ്ണിന്‍ കിനാവിലും പാപം വിതയ്ക്കുന്നു.
സ്നേഹസൗഹാര്‍ദ്ധങ്ങളിന്നു വൈകല്യമായ്
തേര്‍തെളിച്ചീടുന്ന വീഥിയജ്ഞാതമായ്
വിശ്വമിന്നേതോ തമോമണ്ഡലങ്ങളില്‍
വിഘ്നങ്ങളേറ്റു തളരുന്നു നിത്യമായ്.
കുറ്റബൊധങ്ങളില്ലത്തവര്‍, മാനവര്‍
കൂട്ടുചേര്‍ന്നുള്ളതാം വാണിഭം തന്നുടെ
കൃത്യതയാര്‍ന്ന കണക്കിന്നകമ്പൊരുള്‍
ഹൃത്തടം തല്ലിത്തകര്‍ക്കുന്നതല്ലയോ?
സ്വച്ഛന്ദമാമൊരു ജീവിതം മോഹിച്ചീ-
മര്‍ത്ത്യജന്മത്തെ കടം കൊണ്ട പാതകം
അന്തമില്ലാതഹോരാത്രം തുടരുമ്പോള്‍
അന്തികത്തിന്നരോ മൗനം തകര്‍ക്കുന്നു.
വേറിട്ട ശബ്ദങ്ങള്‍ കേള്‍ക്കുന്നഖിലവും
വേപഥു കൊള്ളുന്നു പ്രാണന്‍ നിരന്തരം
താഴിട്ടു പൂട്ടിയ മാനസവാടങ്ങള്‍
താനേ തുറക്കുവാന്‍ പോരുന്നതല്ലല്ലോ.
ധര്‍മ്മബോധത്തിന്നുടഞ്ഞ കണ്ണാടിയില്‍
കര്‍മ്മബന്ധങ്ങളെ കാണാന്‍ ശ്രമിയ്ക്കവേ,
നാളെതന്‍ സങ്കല്‍പമേതോ ദുരന്തത്തിന്‍
ജാലകം തള്ളിത്തുറക്കുന്നു; ലഘവം.
ജാതിവൈജാത്യങ്ങളില്ലെന്ന ഭേരിയില്‍
രാജ്യാന്തരംഗം പുളയുന്ന കാഴ്ചകള്‍
ഉള്ളം നടുക്കുന്നുവെന്നറിഞ്ഞീടിലും
ഉണ്മതന്‍ വൈകൃതം ഉര്‍വ്വിതന്‍ ശാപമായ്.
ഈ കൃതിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിയ്ക്കുക.